മുംബൈ: സിബിഐ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പതിമൂന്ന് മാസം നീണ്ട ജയിൽവാസത്തിന് ശേഷം മഹാരാഷ്ട്ര മുൻ മന്ത്രി അനിൽ ദേശ്മുഖ് മോചിതനായി. ഇന്ന് മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്നുമാണ് മോചിതനായത്. 12 മണിക്കൂറിൽ അധികം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ 2021 നവംബർ രണ്ടിനാണ് ദേശ്മുഖിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. അഴിമതിക്കേസിൽ ആയിരുന്നു അറസ്റ്റ്.

ദേശ്മുഖിന് ജാമ്യം അനുവദിക്കരുതെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ തള്ളിയ ബോംബെ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മോചനത്തിന് മുന്നോടിയായി സുപ്രിയ സുലെ, സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ, അജിത് പവാർ, ഛഗൻ ഭുജ്ബൽ തുടങ്ങിയ എൻസിപി നേതാക്കൾ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ആർതർ റോഡ് ജയിലിന് പുറത്ത് എത്തിയിരുന്നു.

''ഒരു കുറ്റവുമില്ലാതെ എന്നെ ജയിലിൽ അടച്ചു. പക്ഷേ ഒടുവിൽ കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിച്ചു. രാജ്യത്തിന്റെ പുതിയ ഭരണത്തിൽ എനിക്ക് വിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയിൽ ഞാൻ വിശ്വസിക്കുന്നു'' ജയിൽ മോചിതനായ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബർ 12ന് ബോംബെ ഹൈക്കോടതി ദേശ്മുഖിന് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതിയിൽ ഇതു ചോദ്യം ചെയ്യാൻ സിബിഐ സമയം ആവശ്യപ്പെട്ടതിനാൽ ജഡ്ജി 10 ദിവസത്തേക്ക് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. സിബിഐ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ശീതകാല അവധിയിലായതിനാൽ ജനുവരിയിൽ കോടതി വീണ്ടും തുറന്നതിന് ശേഷം മാത്രമേ അപ്പീൽ കേൾക്കാൻ കഴിയൂ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ ഇടപെടാൻ നേരത്തേ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.

കള്ളപ്പണ ഇടപാട് ആരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 2021 നവംബറിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്. ഒക്ടോബറിൽ ജാമ്യം ലഭിച്ചെങ്കിലും സിബിഐ സമർപ്പിച്ച അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു. ദേശ്മുഖ് സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥാനം ദുരുപയോഗം ചെയ്യുകയും ചില പൊലീസ് ഉദ്യോഗസ്ഥർ മുഖേന മുംബൈയിലെ വിവിധ ബാറുകളിൽ നിന്ന് 4.7 കോടി രൂപ പിരിച്ചെടുക്കുകയും ചെയ്തതായി സിബിഐ അവകാശപ്പെടുന്നു.