ന്യൂഡൽഹി: കോയമ്പത്തൂർ സ്‌ഫോടന കേസിൽ ദേശീയ അന്വേഷണ ഏജൻസി രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. ഷെയ്ഖ് ഹിദായത്തുള്ള, സനോഫർ അലി എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബോംബ് സ്‌ഫോടനത്തിന്റെ ക്രിമിനൽ ഗൂഢാലോചനയിൽ ഇരുവരും പങ്കാളിയായിട്ടുണ്ടെന്നാണ് എൻ.ഐ.എ പറയുന്നത്. സത്യമംഗലം കാടുകളിലെ അസനൂർ, കഡംബൂർ മേഖലയിൽ വച്ചാണ് ഗൂഢാലോചന നടന്നതെന്നും എൻ.ഐ.എ പറയുന്നു.

മുമ്പ് അറസ്റ്റിലായ ഉമർ ഫാറൂഖാണ് യോഗത്തിന് നേതൃത്വം നൽകിയയത്. ജമീഷ മുബീൻ, മുഹമ്മദ് അസറുദ്ദീൻ, ഷെയ്ഖ് ഹിദായത്തുള്ള, സനോഫർ അലി എന്നിവരും ഇതിൽ പങ്കാളിയായി. ഒക്ടോബർ 23ന് പുലർച്ചെ എൽ.പി.ജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കോയമ്പത്തൂരിൽ സ്‌ഫോടനം ഉണ്ടായത്.

കാർ ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരൻ ജമേഷ മുബിൻ കൊല്ലപ്പെട്ടത് ഹൃദയത്തിൽ ആണി തറഞ്ഞു കയറിയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. സ്‌ഫോടനത്തിന്റെ പ്രഹരശേഷി കൂട്ടാനായി ജമേഷ മുബിൻ തന്നെ സ്ഫോടക വസ്തുക്കളോടൊപ്പം ആണികളും മൂർച്ചയേറിയ മാർബിൾ കഷണങ്ങളും കാറിനുള്ളിൽ കരുതിയിരുന്നു.