കൊൽക്കത്ത: രാജ്യാന്തര വിമാനത്തിൽ ഇന്ത്യക്കാരായ യാത്രക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ബാങ്കോക്കിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്മൈൽ എയർവേ വിമാനത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.

രണ്ടു യാത്രക്കാർ തമ്മിൽ ആദ്യം വാക്കുതർക്കത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇവരിൽ ഒരാളുടെ സുഹൃത്തുക്കളും സംഘർഷത്തിന്റെ ഭാഗമായി. എയർ ഹോസ്റ്റസും മറ്റു യാത്രക്കാരും ഇവരെ തടയാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല.

തർക്കം മുറുകിയതിന് പിന്നാലെ ഒരാൾ മറ്റേയാളോട് കൈ താഴ്‌ത്താൻ പറയുന്നുണ്ട്. പിന്നാലെ മറ്റേയാളുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. അതേസമയം യാത്രക്കാർ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കാരണം വ്യക്തമല്ല.