ന്യൂഡൽഹി: പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കേന്ദ്രധനകാര്യമന്ത്രി നിർമ്മലാ സീതാരാമന്റെ ആരോഗ്യം മെച്ചപ്പെട്ടതോടെ എയിംസ് വിട്ടു. വയറിനുണ്ടായ ചെറിയ അണുബാധ പരിഹരിച്ചെന്നും പതിവ് ജോലികളിലേയ്ക്ക് എത്രയും പെട്ടെന്ന് മടങ്ങാമെന്നും എയിംസ് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ചയാണ് നിർമ്മല സീതാരാമനെ എയിംസിൽ പ്രവേശിപ്പിച്ചത്. ക്ഷീണം കൂടുതലായി അനുഭവപ്പെട്ടതിനാലും ഭക്ഷണം കഴിക്കുന്നതിലുള്ള ബുദ്ധിമുട്ടും വയറിലെ വേദനയുമാണ് ആദ്യം രോഗലക്ഷണമായി പറഞ്ഞത്. ഭക്ഷണവുമായി ബന്ധപ്പെട്ട് സാമാന്യ നിലയിലുള്ള അണുബാധ മാത്രമാണെന്നും അത് വളരെ പെട്ടന്ന് പരിഹരിക്കാനായെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഉത്തരേന്ത്യയിലെ കനത്ത ശൈത്യവും രോഗസാദ്ധ്യത കൂട്ടുന്നതാണ്. ധാരാളം പേർക്ക് ഭക്ഷണ സംബന്ധമായ പ്രശ്നങ്ങൾക്ക് കൊടുംശൈത്യം കാരണമാണെന്നും ഡോക്ടർമാർ പ്രത്യേകം സൂചിപ്പിച്ചു.

വരുന്ന ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കാനിരിക്കേ കൂടുതൽ തിരക്കിട്ട ചർച്ചകളിലായിരുന്ന മന്ത്രി സമയം തെറ്റി ഭക്ഷണം കഴിച്ചതും ക്ഷീണത്തിന് കാരണമായെന്നുമാണ് ഡോക്ടർമാരുടെ നിരീക്ഷണം. രണ്ടു ദിവസത്തെ വിശ്രമത്തോടെ ഉന്മേഷം വർദ്ധിപ്പിക്കാനാകും. തുടർന്ന് ഔദ്യോഗിക കാര്യങ്ങൾ ചെയ്യാനാകുമെന്നും ആശുപത്രി വൃത്തങ്ങൾ വിശദീകരിച്ചു.