തിരുവനന്തപുരം: ബിജെപിയെ മൃദു ഹിന്ദുത്വ നിലപാട് കൊണ്ട് നേരിടാൻ ആകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ചന്ദനക്കുറി തൊടുന്നവരെല്ലാം വർഗീയവാദികൾ ആണെന്ന അഭിപ്രായം സിപിഎമ്മിന് ഇല്ലെന്നും വിശ്വാസികളെയും ഉൾക്കൊള്ളുന്നതാണ് പാർട്ടി നിലപാടെന്നും ഗോവിന്ദൻ പ്രതികരിച്ചു.

'ബിജെപിയുടെ സെക്കൻഡ് ടീമെന്ന രീതിയിലാണ് കോൺഗ്രസ് പലപ്പോഴും നിലപാട് സ്വീകരിക്കുന്നത്. അതിന്റെ പരസ്യപ്രഖ്യാപനം ആന്റണി നടത്തി എന്ന് മാത്രം. മൃദു ഹിന്ദുത്വ നിലപാടിനെ അവർ തള്ളിപ്പറയുന്നില്ല. ആ നിലപാടിനെ കോൺഗ്രസ് പണ്ടുമുതലേ വിമർശിക്കുന്നുണ്ട്.

ബിജെപിയെ പ്രതിരോധിക്കാൻ മൃദു ഹിന്ദുത്വ നിലപാടു കൊണ്ട് സാധിക്കില്ല. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകൾ,അവർ വർഗീയവാദികൾ. അവർ വിശ്വാസികളാണ്,വിശ്വാസികളോട് നല്ല സമീപനമാണ് സിപിഎമ്മിന്. കോൺഗ്രസിൽ പലരും മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്'. അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ച ആയില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.