ചന്ദൗലി: ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിൽ സ്വകാര്യ ആശുപത്രിക്കു സമീപം ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു പേർ മരിച്ചു. മുഗൾസരായ് നഗരത്തിലെ രവി നഗർ ഏരിയയിലെ ആശുപത്രിക്കു പുറത്ത് രാവിലെ 9നാണ് അപകടമുണ്ടായത്.

ആശുപത്രിക്ക് പുറത്തായി നിർത്തിയിട്ടിരുന്ന ട്രക്കിൽനിന്ന് ഓക്‌സിജൻ സിലിണ്ടറുകൾ ഇറക്കുന്നതിനിടെയായിരുന്നു സംഭവം. മരിച്ച രണ്ടുപേരും ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന കമ്പനിയിൽ ജോലി ചെയ്തിരുന്നവരാണ്.

പൊട്ടിത്തെറിയിൽ ആശുപത്രിയിലെയും സമീപത്തെ വീടുകളിലെയും ഗ്ലാസുകൾ തകർന്നു. രണ്ടുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.