ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം ഗുരുതര നിലയിലെന്ന് റിപ്പോർട്ട്. വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) വെള്ളിയാഴ്ച 399 ആയതോടെ അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിച്ചു. കൽക്കരി ഉപയോഗിക്കുന്ന വ്യവസായങ്ങൾ ജനുവരി ഒന്നുമുതൽ അടച്ചിടാൻ നിർദേശമുണ്ട്. നിർദ്ദേശം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കും.

അനാവശ്യമായുള്ള കെട്ടിട നിർമ്മാണ പ്രവൃത്തികൾ താത്കാലികമായി നിർത്താൻ അധികൃതർ ഉത്തരവിട്ടു. വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കാനും നിർദേശമുണ്ട്. ബി.എസ് മൂന്ന് പെട്രോൾ, ബി.എസ് ഫോർ ഡീസൽ വാഹനങ്ങൾ എന്നിവയ്ക്കുള്ള നിരോധനം ഏർപ്പെടുത്തണോ എന്നകാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. അടുത്തദിവസവും വായുഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിൽ തുടരുമെന്നാണ് കരുതപ്പെടുന്നത്.

മലിനീകരണത്തിന് കാരണമാകാത്ത പ്ലംബിങ്, കാർപെന്ററി, ഇന്റീരിയർ ഡെക്കറേഷൻ, ഇലക്ട്രിക്കൽ വർക്കുകൾ തുടങ്ങിവയ്ക്ക് നിരോധനമില്ല.
ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് മൂലം വായു ഗുണനിലവാര സൂചിക ഗുരുതര വിഭാഗത്തിൽ എത്തിയിരുന്നു. നിയന്ത്രണങ്ങൾ നടപ്പാക്കിയതിലൂടെ പഞ്ചാബിൽ 30 ശതമാനമായും ഹരിയാനയിൽ 48 ശതമാനമായും ഇത് കുറഞ്ഞിരുന്നു. യമുനാ നദിയിലെ മലിനപ്പതയുടെ അളവിൽ കഴിഞ്ഞ അഞ്ചു വർഷമായി വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ഓടെ നദി മാലിന്യമുക്തമാക്കുമെന്നാണ് ഡൽഹി സർക്കാരിന്റെ പ്രഖ്യാപനം.