- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സമുദായ സമവാക്യം പാലിക്കണം; അസംതൃപ്തരെ ഒപ്പം നിർത്തണം; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ വികസനത്തിന് കർണാടക; നിർദ്ദേശം നൽകി അമിത് ഷാ
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭാ വികസനത്തിന് അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കെ.എസ്.ഈശ്വരപ്പ, രമേഷ് ജാർക്കിഹോളി തുടങ്ങിയ 'അസംതൃപ്തരായ' ബിജെപി എംഎൽഎമാരെ ഒപ്പം നിർത്തി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ മേധാവിത്വം നിലനിർത്തുന്നതിന് ഒപ്പം ജെഡി(എസ്)ന്റെയും കോൺഗ്രസിന്റെയും പരമ്പരാഗത ശക്തികേന്ദ്രമായ ഓൾഡ് മൈസൂരു മേഖലയിൽ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
തിരഞ്ഞെടുപ്പ് മേയിൽ നടന്നേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് തലത്തിലുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള യോഗത്തിൽ അമിത് ഷാ അധ്യക്ഷത വഹിച്ചിരുന്നു.. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബിജെപി ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുൺ സിങ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, ദേശീയ സെക്രട്ടറി സി.ടി.രവി തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
മാണ്ഡ്യയിൽ ബിജെപിയുടെ 'സങ്കൽപ യാത്ര'യ്ക്കിടെ അയോധ്യ രാമക്ഷേത്ര നിർമ്മാണം, കേദർനാഥ്, ബദരീനാഥ്, കാശി വിശ്വനാഥ് ക്ഷേത്രങ്ങളുടെ വികസനം എന്നിവ എടുത്തുകാട്ടിയ അമിത് ഷാ, ഇത്തവണ മാണ്ഡ്യയിലും മൈസൂരുവിലും താമര വിരിയുമെന്നും ബിജെപി ഭൂരിപക്ഷം നേടുമെന്നും പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസ് ജയിച്ചാൽ അത് 'ഡൽഹിയുടെ എടിഎം' ആകുമെന്നും ജനതാദൾ (സെക്കുലർ) ജയിച്ചാൽ അത് 'ഫാമിലി എടിഎം' ആകുമെന്നും അദ്ദേഹം പരിഹസിച്ചു.
2019 ൽ ഒരു ജെഡി(എസ്) നേതാവ് ബിജെപിയിൽ ചേർന്നതിനെ തുടർന്നാണ് മേഖലയിൽ പാർട്ടിക്ക് ആദ്യ വിജയം ലഭിച്ചത്. വെള്ളിയാഴ്ച, മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) മേധാവിയുമായ എച്ച്.ഡി.ദേവെഗൗഡയുമായി വേദി പങ്കിട്ട അമിത് ഷാ, ഓൾഡ് മൈസൂരു മേഖലയുടെ ഭാഗമായ മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിൽ 14 ലക്ഷം ലീറ്റർ പാൽ സംസ്കരിക്കാൻ ശേഷിയുള്ള ഡയറി പ്ലാന്റ് ഉദ്ഘാടനം ചെയ്തിരുന്നു. മാണ്ഡ്യയിൽ ഏഴ് നിയമസഭാ സീറ്റുകളുണ്ട്. ആറ് സീറ്റിൽ ജെഡി(എസ്)ഉം ഒരു സീറ്റിൽ ബിജെപിയുമാണ്.
ലിംഗായത്തുകൾ കഴിഞ്ഞാൽ, സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വോട്ട് ബാങ്കായ വൊക്കലിഗ സമുദായത്തിന്റെ ഹൃദയഭൂമിയാണ് ഓൾഡ് മൈസൂർ മേഖല. മാണ്ഡ്യ, മൈസൂരു, ഹാസൻ, തുംകുരു, ചാമരാജനഗർ, ബംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപൂർ തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്നതാണ് ഈ പ്രദേശം. ആദിചുഞ്ചനഗിരി മഠത്തിലെ മഠാധിപതി നിർമലാനന്ദനാഥ സ്വാമിയെ അമിത് ഷാ സന്ദർശിച്ചിരുന്നു. ഓൾഡ് മൈസൂർ മേഖലയിൽ സ്വാധീനമുള്ള മഠത്തിന് വൊക്കലിഗ സമുദായവുമായും സ്വാധീനമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ