മുംബൈ: ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ താൽപര്യം സുപരിചിതമാണ്. 2022ൽ ഏറ്റവും കൂടുതൽ വിതരണം ചെയ്തത് ബിരിയാണിയാണെന്ന വിവരം മുമ്പ് സ്വിഗ്ഗി പുറത്തുവിട്ടിരുന്നു. എന്നാൽ പുതുവർഷത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ആളുകൾ സ്വിഗ്ഗിയിലൂടെ ഓർഡർ ചെയ്തത് 3.50 ലക്ഷം ബിരിയാണിയാണ്.

ബിരിയാണി കഴിഞ്ഞാൽ പിസക്കാണ് ഏറ്റവും കൂടുതൽ ഓർഡർ ലഭിച്ചത്. 61,000 പിസയാണ് സ്വിഗ്ഗിയിലൂടെ വിതരണം ചെയ്തത്. ശനിയാഴ്ച രാവിലെ മുതൽ രാത്രി 10.25 വരെയുള്ള ഓർഡറുകളുടെ എണ്ണമാണ് സ്വിഗ്ഗി പുറത്തുവന്നത്. ബിരിയാണിയിൽ തന്നെ ഹൈദരാബാദി ബിരിയാണിക്കായിരുന്നു ഏറ്റവും കൂടുതൽ ആവശ്യക്കാർ. 75.4 ശതമാനം ആളുകളാണ് ഹൈദരാബാദി ബിരിയാണി ഓർഡർ ചെയ്തത്.

ശനിയാഴ്ച വൈകീട്ട് 7.20നകം 1.65 ലക്ഷം ബിരിയാണി സ്വഗ്ഗി വഴി ഉപയോക്താക്കളിൽ എത്തി. ആവശ്യക്കാരുടെ എണ്ണം വർധിക്കുമെന്ന് കണ്ടറിഞ്ഞ് ഹൈദരാബാദിലെ ബവാർചി റസ്റ്റാറന്റിൽ പുതുവർഷത്തോടനുബന്ധിച്ച് 15 ടൺ ബിരിയാണി ആണ് തയാറാക്കിയത്. ഓരോ മിനിറ്റിലും രണ്ട് ബിരിയാണി എന്ന കണക്കിലാണ് റസ്റ്റാറന്റിൽ നിന്ന് ബിരിയാണി പുറത്തേക്ക് പോയത്.

2021ലും ഇതു തന്നെയായിരുന്നു സ്ഥിതി. ശനിയാഴ്ച സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി 1.76ലക്ഷം പായ്ക്കറ്റ് ചിപ്‌സുകളും വിറ്റുപോയി. ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയിലുടനീളമുള്ള 12,344 ആളുകൾ സ്വിഗ്ഗി വഴി കിച്ചടിയും ഓർഡർ ചെയ്തു.