ന്യൂഡൽഹി: ഭാരത്പേയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സുഹൈൽ സമീർ രാജിവെച്ചു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല. ചീഫ് ഫിനാൻഷ്യൽ ഓഫിസറായ നളിൻ നേഗിയെ ഇടക്കാല സിഇഒ ആയി നിയമിച്ചു.

പത്തുവർഷം എസ്.ബി.ഐ കാർഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ആയിരുന്ന നേഗി 2022 ഓഗസ്റ്റിലാണ് ഭാരത്പേയിൽ ചേർന്നത്. ജനുവരി ഏഴ് മുതൽ സമീർ സ്ട്രാറ്റജിക് അഡൈ്വസറായി മാറുമെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

വഞ്ചന, ക്രമക്കേട് എന്നിവയാരോപിച്ച് അഷ്‌നീർ ഗ്രോവറിനെ പുറത്താക്കിയ ശേഷം സമീറായിരുന്നു സിഇഒ. നിരവധി പേരാണ് കമ്പനിയിൽനിന്ന് നേരത്തെ രാജിവെച്ചത്.

ചീഫ് ടെക്നോളജി ഓഫിസർ വിജയ് അഗർവാൾ, പോസ്റ്റ്പെ മേധാവി നെഹുൽ മൽഹോത്ര, ചീഫ് പ്രൊഡക്റ്റ് ഓഫിസർ രജത് ജെയിൻ, ടെക്നോളജി വൈസ് പ്രസിഡന്റ് ഗീതാൻഷു സിങ്ല, ചീഫ് റവന്യൂ ഓഫിസർ നിഷിത് ശർമ, സ്ഥാപക അംഗങ്ങളിലൊരാളായ സത്യം നാഥാനി, ടെക്‌നോളജി, പ്രോഡക്ട് വിഭാഗം മേധാവി ഭവിക് കൊളാഡിയ എന്നിവരാണ് രാജിവെച്ചവർ.