പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ  അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മും ബിജെപിയും ചേർന്ന് വോട്ടർമാരെ ഭിന്നിപ്പിക്കാൻ അനുവദിക്കരുതെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപു ബിജെപിയുടെ ഭാഗത്തുനിന്നു വർഗീയ ധ്രുവീകരണ ശ്രമങ്ങളുണ്ടാകുമെന്നും മുസ്ലിം സമുദായം ജാഗ്രത പുലർത്തണമെന്നും നിതീഷ് പറഞ്ഞു.

മുസ്ലിം സമുദായത്തിലെ ബുദ്ധിജീവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണു മുസ്ലിം വോട്ടു ബാങ്ക് ഭിന്നിക്കുന്നതിന്റെ അപകടം നിതീഷ് ഓർമിപ്പിച്ചത്.

ഇക്കാര്യത്തിൽ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ബിജെപിയുടെ ബി ടീമായാകും പ്രവർത്തിക്കുക. ഒവൈസിയെ പോലുള്ള എഐഎംഐഎം നേതാക്കൾ വിദ്വേഷ പ്രസംഗങ്ങളിലൂടെ സാമുദായിക സ്പർധ സൃഷ്ടിക്കാറുണ്ടെന്നും നിതീഷ് പറഞ്ഞു.