റാഞ്ചി: അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് നിന്നും മാവോയിസ്റ്റുകളെ തുടച്ചു നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഝാർഖണ്ഡിലെ ചായ്ബാസയിലെ മഹാ സങ്കൽപ് റാലിയിൽ സംസാരിക്കവേയാണ് അമിത് ഷാ പ്രഖ്യാപനം നടത്തിയത്.

കോൺഗ്രസ് ഭരിച്ചിരുന്ന 2009ൽ 2,258 നക്‌സലിസം കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2021ൽ 509 ആയി കേസുകൾ കുറഞ്ഞുവെന്നും അമിത് ഷാ അവകാശപ്പെട്ടു. ഛത്തീസ്‌ഗഢുമായി അതിർത്തി പങ്കിടുന്ന ഝാർഖണ്ഡിലെ ഗ്രാമങ്ങളിലാണ് മാവോയിസറ്റ് പ്രശ്‌നം ഏറ്റവും രൂക്ഷമായി തുടരുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

അടുത്ത വർഷം ജനുവരി ഒന്നിന് അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണം പൂർത്തിയാക്കുമെന്ന പ്രഖ്യാപനവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. കോൺഗ്രസാണ് രാമക്ഷേത്ര നിർമ്മാണത്തിന് തുരങ്കം വച്ചതെന്നും സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻകൈയെടുത്ത് ക്ഷേത്രം നിർമ്മിക്കുകയായിരുന്നുവെന്നുമാണ് അമിത് ഷാ ത്രിപുരയിൽ മാധ്യമങ്ങളോട് പറഞ്ഞത്.