ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി- ഭീം ആർമി സഖ്യശ്രമം. ബിജെപിയെ നേരിടാൻ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദുമായി അഖിലേഷ് യാദവ് ഇന്നലെ ചർച്ച നടത്തി. ഇതോടെ ഇരു പാർട്ടികളും തമ്മിലുള്ള സഖ്യസാധ്യതയേറി. പിന്നോക്ക വിഭാഗക്കാരെ ബിജെപി ഉപയോഗിക്കുകയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ചന്ദ്രശേഖർ ആസാദ് വിമർശിച്ചു

സീറ്റ് വീതം വെപ്പിൽ ധാരണയിലെത്താഞ്ഞതോടെയാണ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഭീം ആർമി - എസ്‌പി സഖ്യ ചർച്ചകൾ പൊളിഞ്ഞത്. എന്നാൽ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം ശേഷിക്കെ സഖ്യ സാധ്യതകൾ വീണ്ടും തേടുകയാണ് അഖിലേഷ് യാദവ് . ഇന്നലെ ലക്‌നൗവിൽ വച്ചായിരുന്നു ചന്ദ്രശേഖർ ആസാദ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ ഉയർത്തിക്കാട്ടി ജനപിന്തുണ തേടുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയെന്നാണ് സൂചന.

സർക്കാരിനെതിരെ യുപിയിൽ സമരം തുടങ്ങാനും ഭീം ആർമി ആലോചന നടത്തുന്നുണ്ട്. ഇക്കാര്യവും ചർച്ചയായതായി ചന്ദ്രശേഖർ ആസാദ് വെളിപ്പെടുത്തി. ഭീം ആർമിയുമായി സഖ്യം ഉണ്ടാക്കുന്നത് പരിഗണനയിലുണ്ടെന്നും സാഹചര്യങ്ങൾ പുരോഗമിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നും സമാജ്‌വാദി പാർട്ടിവൃത്തങ്ങളും വ്യക്തമാക്കി. എസ് പി സഖ്യകക്ഷിയായ ആർഎൽഡിയുമായി ഭീം ആർമി നല്ല ബന്ധം പുലർത്തുന്നതും എസ്‌പി ഭീം ആർമി സഹകരണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. ബിഹാറിൽ ജാതി സെൻസസിന്റെ ആദ്യ ഘട്ടം ആരംഭിച്ച സാഹചര്യത്തിൽ ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യവ്യാപകമായി സെൻസസ് എന്ന ആവശ്യം ഉയർത്താനും ഭീം ആർമി ശ്രമം നടത്തിയേക്കും.