റാഞ്ചി: ഝാർഖണ്ഡിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ നാല് പേർക്ക് പരുക്കേറ്റു. ധൻബാദിലെ പച്ചക്കറി മാർക്കറ്റിലാണ് സ്ഫോടനമുണ്ടായത്. പച്ചക്കറി വാങ്ങാൻ എത്തിയ ഒരാളുടെ സ്‌കൂട്ടറിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവസ്ഥലം പൊലീസ് സീൽ ചെയ്തു.

മൂന്ന് പച്ചക്കറി വിൽപ്പനക്കാരും മാർക്കെറ്റിലെത്തിയ മറ്റൊരാളും പരുക്കേറ്റ് ചികിത്സയിലാണ്. ഷഹീദ് നിർമൽ മഹാതോ ആശുപത്രിയിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല. ബോംബ് എവിടെ നിന്ന് വന്നു എന്നതുൾപ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.