ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം ഗുരുതര സാഹചര്യത്തിൽ തുടരുന്നു. രാവിലെയോടെ വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐ 421 രേഖപ്പെടുത്തിയെങ്കിലും ഏതാനും മണിക്കൂറുകൾക്ക് ശേഷം സ്ഥിതി മെച്ചപ്പെട്ടുവെന്ന് സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച് (സഫർ-SAFAR) അറിയിച്ചു. കനത്ത മഞ്ഞുവീഴ്ച തുടർന്നതോടെ നഗരത്തിൽ ദൃശ്യപരത (Visibility) 50 മീറ്റർ പരിധിയിലേക്ക് ചുരുങ്ങി.

കനത്ത മൂടൽമഞ്ഞ് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നീവിടങ്ങളിൽ തുടർന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഢ്, ഡൽഹി, ഉത്തർപ്രദേശ് എന്നി പ്രദേശങ്ങളിലെ ചിലയിടങ്ങളിൽ രാത്രി വൈകിയും അതിരാവിലെയും മൂടൽമഞ്ഞ് തുടർന്നു. സൂചികയിൽ 400-500 എന്നത് അതിതീവ്ര അന്തരീക്ഷമലിനീകരണത്തെ സൂചിപ്പിക്കുന്നതാണ്.

ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫദർജംഗ് ഒബ്സർവേറ്ററിയിൽ മിനിമം താപനിലയെന്നത് 5.8 ഡിഗ്രി സെൽഷ്യസായി രേഖപ്പെടുത്തി. വടക്കേ ഇന്ത്യയിൽ മിനിമം താപനില രണ്ടു മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. അടുത്ത മൂന്ന് ദിവസത്തേക്ക് കോൾഡ് വേവ് പോലുള്ള സ്ഥിതിവിശേഷത്തിന് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് നൽകുന്ന സൂചന.