ഭുവനേശ്വർ: ഹോക്കി ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിലെ ഒഡിഷ താരങ്ങൾക്ക് സമ്മാനത്തുക പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീൻ പട്നായ്ക്. 10 ലക്ഷം രൂപയാണ് ഒഡിഷ മുഖ്യമന്ത്രി സമ്മാനത്തുകയായി നൽകുക.

അമിത് രോഹിദാസ്, നീലം സഞ്ജീപ് സെസ് എന്നീ രണ്ട് താരങ്ങളാണ് ഇന്ത്യൻ ടീമിൽ കളിക്കുന്ന ഒഡിഷ താരങ്ങൾ. ഇരുവർക്കും സമ്മാനത്തുക ഉടൻ തന്നെ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആദ്യ മത്സരത്തിൽ സ്പെയിനാണ് ഇന്ത്യയുടെ എതിരാളി. പൂൾ ഡിയിലാണ് ഇന്ത്യ മത്സരിക്കുന്നത്.

ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിലംഗമായ രോഹിദാസ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയാണ്. പ്രതിരോധതാരമായ രോഹിദാസ് ഇന്ത്യയ്ക്ക് വേണ്ടി 125 മത്സരങ്ങൾ കളിക്കുകും 18 ഗോളുകൾ നേടുകയും ചെയ്തു.

സഞ്ജീപ് സെസ്സും പ്രതിരോധതാരമാണ്. ഇന്ത്യയ്ക്ക് വേണ്ടി 30 മത്സരങ്ങൾ കളിച്ച താരം അഞ്ചുഗോൾ നേടിയിട്ടുണ്ട്. ഇന്ത്യ ലോകകപ്പ് വിജയിക്കുകയാണെങ്കിൽ ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങൾക്കും ഒരു കോടി രൂപ വീതം നൽകുമെന്ന് നവീൻ പട്നായ്ക് നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 29 നാണ് ഫൈനൽ.