ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ നിർണായക പ്രഖ്യാപനവുമായി മായാവതിയുടെ ബി എസ് പി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇനി ഒരു വിശാല സഖ്യത്തിനും ബഹുജൻ സമാജ്‌വാദി പാർട്ടിയില്ലെന്ന പ്രഖ്യാപനമാണ് യു പി മുൻ മുഖ്യമന്ത്രി നടത്തിയത്.

2019 ൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിക്കും രാഷ്ട്രീയ ലോക്ദളിനൊപ്പം ചേർന്ന് വിശാല സഖ്യം ഉണ്ടാക്കിയാണ് മായാവതിയുടെ പാർട്ടിയായ ബി എസ് പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ വലിയ തിരിച്ചടിയാണ് വിശാല സഖ്യത്തിന് നേരിടേണ്ടിവന്നത്. മോദി പ്രഭാവത്തിൽ ബിജെപി അറുപതിലേറെ സീറ്റുകൾ സ്വന്തമാക്കിയപ്പോൾ വിശാലസഖ്യം 15 സീറ്റിലേക്ക് ഒതുങ്ങിയിരുന്നു.

മായവതിയുടെ പാർട്ടിക്ക് 2014 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കിയാൽ വിശാല സഖ്യം 2019 ൽ ഗുണം ചെയ്തിരുന്നു. 2014 ൽ പൂജ്യം സീറ്റിലേക്ക് ഒതുങ്ങിയ ബി എസ് പി 2019 ൽ പത്ത് സീറ്റു നേടി ബിജെപിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അഖിലേഷ് യാദവിന്റെ എസ് പി കേവലം അഞ്ച് സീറ്റിലേക്ക് ഒതുങ്ങിയിരുന്നു.

എന്നാൽ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിശാലസഖ്യം തെറ്റിപ്പിരിഞ്ഞ് ഒറ്റയ്‌ക്കൊറ്റയ്ക്കായിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി ചരിത്ര വിജയത്തോടെ അധികാരം നിലനിർത്തിയപ്പോൾ അഖിലേഷിന്റെ പാർട്ടി വൻ കുതിപ്പ് നടത്തുകയും മായാവതിയുടെ പാർട്ടി കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങുകയുമാണ് ഉണ്ടായത്. വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കാഹളം മുഴങ്ങുമ്പോൾ 2022 ലെ പോലെ ഒറ്റയ്‌ക്കൊറ്റയ്ക്കായിട്ടാകും പാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരികയെന്നാണ് മായാവതിയുടെ പ്രഖ്യാപനത്തോടെ വ്യക്തമാകുന്നത്.

തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് മായാവതി അസന്നിഗ്ധമായാണ് പ്രഖ്യാപിച്ചത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലോ, ലോക്‌സഭ തെരഞ്ഞെടുപ്പിലോ ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്ന് അവർ വ്യക്തമാക്കി. ഒപ്പം തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ മാറ്റി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്നും മായാവതി ആവശ്യപ്പെട്ടു.