പാറ്റ്ന: ബിഹാറിലെ വൈശാലിയിൽ പത്തു വയസ്സുകാരിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലാണ്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ പ്രദേശവാസികളായ രണ്ടു യുവാക്കൾക്കെതിരെയാണ് കേസെടുത്തത്.

ദിവസങ്ങൾക്കു മുമ്പു നടന്ന ഒരു വിവാഹച്ചടങ്ങിൽ സുഹൃത്തുക്കൾക്കൊപ്പം പെൺകുട്ടി നൃത്തം ചെയ്യുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. നൃത്തം ചെയ്യുകയായിരുന്ന പെൺകുട്ടികൾക്കൊപ്പം പ്രതികൾ അടക്കമുള്ള ഒരു കൂട്ടം ചെറുപ്പക്കാർ നൃത്തം ചെയ്തു. ഇവരോട് പെൺകുട്ടി മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ പക മൂലമാണ് ദിവസങ്ങൾക്കു ശേഷം പ്രതികൾ ആക്രമണം നടത്തിയതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

വിവാഹവീട്ടിൽനിന്ന് തിരിച്ചു വരുന്ന വഴി രണ്ടു പേർ തന്നെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകി. വ്യാഴാഴ്ച രാവിലെ വീടിനു പുറത്തിറങ്ങിയ പെൺകുട്ടിയെ ഇവർ വിജനമായ ഒരു സ്ഥലത്തേക്ക് ബലമായി പിടിച്ചുകൊണ്ടു പോകുകയും പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയവരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ഹാജിപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് വൈശാലി പൊലീസ് സൂപ്രണ്ട് അറിയിച്ചു.