ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയുടെ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി എത്തുമെന്ന് റിപ്പോർട്ട്. ജനുവരി 24ന് അൽ സിസി ഇന്ത്യയിലെത്തും. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമുൾപ്പെടെയുള്ള ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയുടെ അതിഥിയാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് അൽ സിസി.

180 പേരടങ്ങുന്ന സൈന്യവും അൽ സിസിക്കൊപ്പം ഇന്ത്യയിലെത്തും. ഈജിപ്ഷ്യൻ സൈന്യവും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടക്കും. 75 വർഷമായി ഈജിപ്തുമായി നയതന്ത്ര ബന്ധം തുടരുന്നതിന്റെ ഭാഗമായാണിത്.

ഗോതമ്പ് കയറ്റി അയയ്ക്കുന്നതുൾപ്പെടയുള്ള വ്യാപാര ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിന് തീരുമാനങ്ങളുണ്ടാകും. 61,000 ടൺ ഗോതമ്പാണ് ഇന്ത്യ കഴിഞ്ഞ വർഷം ഈജിപ്തിലേക്ക് കയറ്റി അയച്ചത്.