ചെന്നൈ: ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിമർശനമേറ്റു വാങ്ങിയ ബിജെപി എംപി തേജസ്വി സൂര്യയെ പരിഹസിച്ച് ഡി.എം.കെ എംപി ദയാനിധി മാരൻ. വിമാനത്തിലെ എമർജൻസി വാതിലിനടുത്ത് ഇരുന്നുകൊണ്ട് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് ദയാനിധി മാരന്റെ പരിഹാസം.

'ഞാൻ കോയമ്പത്തൂരേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ്. എമർജൻസി വാതിലിനടുത്തുള്ള സീറ്റിലാണ് ഇരിക്കുന്നത്, പക്ഷേ വാതിൽ തുറക്കില്ല. അത് വിമാനത്തിനും മറ്റുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് വഴി ഒരുപാട് സമയം ലാഭിക്കാം, ക്ഷമാപണ കത്ത് എഴുതേണ്ടി വരില്ലല്ലോ'. വീഡിയോയിൽ മാരൻ പറയുന്നു.

കഴിഞ്ഞ ഡിസംബർ 10-നാണ് ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് യാത്ര തിരിക്കാനിരുന്ന വിമാനം പറന്നുയരുന്നതിനിടെ തേജസ്വി എമർജൻസി വാതിൽ തുറന്നത്. ഇതിനെത്തുടർന്ന് വിമാനം രണ്ടു മണിക്കൂർ വൈകുകയും ചെയ്തു. വാതിൽ തുറന്ന യാത്രക്കാരന്റെ പേരുവിവരം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) ആദ്യം പുറത്തുവിട്ടിരുന്നില്ല. സംഭവം നടന്ന് ഒരു മാസത്തിനു ശേഷം വിമർശനങ്ങൾ ഉയർന്നതോടെയാണ് വാതിൽ തുറന്നത് തേജസ്വി സൂര്യയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിക്കുന്നത്.