- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യ മേധാവി വിവരം നേരത്തേയറിഞ്ഞു; മറുപടിയും അയച്ചു; എന്നിട്ടും നടപടിയുണ്ടായില്ലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: വിമാനത്തിൽ സഹയാത്രികയുടെ ശരീരത്തിൽ മദ്യലഹരിയിൽ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവം മണിക്കൂറുകൾക്കുള്ളിൽതന്നെ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞെങ്കിലും നടപടിയെടുത്തില്ലെന്ന് റിപ്പോർട്ട്. നവംബർ 26ന് ന്യൂയോർക്ക് ഡൽഹി യാത്രയ്ക്കിടെ ആയിരുന്നു വിവാദ സംഭവമുണ്ടായത്.
നവംബർ 27ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇതുസംബന്ധിച്ച് എയർ ഇന്ത്യ ക്യാബിൻ ക്രൂ സൂപ്പർവൈസർ ഉന്നതർക്ക് മെയിൽ അയച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഓപറേഷൻസ് ഇൻഫ്ളൈറ്റ് സർവീസ് ഡിപ്പാർട്ട്മെന്റ് (ഐഎഫ്എസ്ഡി), ഐഎഫ്എസ്ഡി എച്ച്ആർ മേധാവി, വടക്കൻ മേഖലയിലെ ഐഎഫ്എസ്ഡി മേധാവി, കസ്റ്റമർ കെയർ എന്നിവർക്കാണ് മെയിൽ അയച്ചത്. മെയിൽ വായിച്ച് 'ഓകെ, നോട്ടഡ്' എന്ന മറുപടി ലഭിച്ചെങ്കിലും നടപടിയുണ്ടായില്ല.
സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയർ ഇന്ത്യയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. വിമാനം ഡൽഹിയിലെത്തിയപ്പോൾ ആരും സംഭവത്തെക്കുറിച്ച് അറിയിച്ചില്ല എന്നായിരുന്നു എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കിയത്. പ്രതി ശങ്കർ മിശ്ര നടപടികളൊന്നും നേരിടാതെ കടന്നുകളയുകയും ചെയ്തു.
ജനുവരി 4ന് പരാതിക്കാരി പൊലീസിനെ സമീപിച്ചതോടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇടപെട്ടു. ചട്ടലംഘനത്തിന് എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി. സംഭവമുണ്ടായ വിമാനത്തിന്റെ പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസ് 3 മാസത്തേക്ക് റദ്ദാക്കി. എയർ ഇന്ത്യയുടെ ഡയറക്ടർ ഇൻ ഫ്‌ളൈറ്റിന് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി.
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച ശങ്കർ മിശ്രയ്ക്ക് എയർ ഇന്ത്യ നാലു മാസം യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. നവംബർ 26ന് ന്യൂയോർക്ക് ഡൽഹി യാത്രയ്ക്കിടെയാണു ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര സഹയാത്രികയുടെ ദേഹത്തു മൂത്രമൊഴിച്ചത്. ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശങ്കറിന് ഇതിനുപിന്നാലെ ജോലി നഷ്ടപ്പെട്ടു.
ന്യൂസ് ഡെസ്ക്