ചെന്നൈ: തമിഴ്‌നാട്ടിൽ ഗുട്ക, പാന്മസാല എന്നിവയുടെ ഉത്പാദനവും വിൽപനയും നിരോധിച്ചുകൊണ്ട് 2018-ൽ ഭക്ഷ്യ സുരക്ഷാകമ്മിഷണർ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഗുട്ക ഉത്പന്നങ്ങൾ പൂർണമായും നിരോധിക്കാൻ ഭക്ഷ്യസുരക്ഷാനിയമം (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് ആക്ട്, എടടഅ) വ്യവസ്ഥ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റദ്ദാക്കൽ നടപടി. ജസ്റ്റിസുമാരായ ആർ. സുബ്രഹ്‌മണ്യം, കെ. കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം.

അടിയന്തരസാഹചര്യങ്ങളിൽ താത്കാലിക നിരോധനം ഏർപ്പെടുത്താനുള്ള പരിമിത അധികാരം മാത്രമാണ് പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. ഭക്ഷ്യസംസ്‌കരണത്തിനുള്ള ശാസ്ത്രീയരീതി, ഭക്ഷ്യസുരക്ഷ, ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിനു വേണ്ടിയുള്ളതാണ് എഫ്എസ്എസ്എ എന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിന് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറത്തിറക്കാവുന്ന തരത്തിൽ കമ്മിഷണറുടെ അധികാരപരിധി അനുവദിക്കുന്നത് നിയമലംഘനമാണെന്നും അതിനാൽ 2018-ലെ വിജ്ഞാപനം റദ്ദാക്കുകയാണെന്നും ജനുവരി 20-ന് പുറത്തിറക്കിയ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

എഫ്എസ്എസ് നിയമപ്രകാരം 2013-ൽ സംസ്ഥാനസർക്കാർ ഗുട്ക, പാന്മസാല എന്നിവയുടെ ഉത്പാദനവും വിൽപനയും തമിഴ്‌നാട്ടിൽ നിരോധിച്ചിരുന്നു. പിന്നീട് ഭക്ഷ്യസുരക്ഷാ കമ്മിഷണർ സമാനമായ ഉത്തരവുകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. പുകയില ഉത്പന്നനിർമ്മാതാക്കളുടേയും ഭക്ഷ്യസുരക്ഷാവകുപ്പിന്റേയും ഹർജികളും അപ്പീലുകളും പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.