അഹമ്മദാബാദ്: ഗുജറാത്തിലെ മോർബി തൂക്കുപാല ദുരന്തത്തിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകാമെന്ന ഒറെവ ഗ്രൂപ്പിന്റെ വാദം ഗുജറാത്ത് ഹൈക്കോടതി അംഗീകരിച്ചു. എന്നാൽ, നഷ്ടപരിഹാരം നൽകുന്നതുകൊണ്ടുമാത്രം സംഭവത്തിന്റെ ബാധ്യതകളിൽ നിന്ന് ഒഴിവാകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

അപകടത്തിൽ 135 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഒവേറ ഗ്രൂപ്പിനായിരുന്നു പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും മേൽനോട്ടത്തിന്റെയും ചുമതല. കമ്പനിക്ക് ഈ മേഖലയിൽ പ്രാവീണ്യമില്ലെന്നും ക്ലോക്ക് നിർമ്മിക്കുന്ന കമ്പനിയാണെന്നും അന്നേ ആരോപണമുയർന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 30നാണ് മച്ചു നദിയിൽ പാലം തകർന്നുവീണത്.

ദുരന്തത്തെക്കുറിച്ചുള്ള ഹർജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് അശുതോഷ് ശാസ്ത്രിയുടെയും ഡിവിഷൻ ബെഞ്ചിന് മുമ്പാകെയാണ് കമ്പനിയുടെ അഭിഭാഷകൻ നിരുപം നാനാവതി നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞത്. കമ്പനിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നഷ്ടപരിഹാരം നൽകുന്നതെന്നും അഭിഭാഷകൻ അറിയിച്ചു.

മരിച്ച 135 പേരുടെ കുടുംബങ്ങൾക്ക് പരിക്കേറ്റ 56 പേർക്കും, ഏഴ് അനാഥരായ കുട്ടികൾക്കും നഷ്ടപരിഹാരം നൽകാമെന്നാണ് കമ്പനി അറിയിച്ചത്. ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. അതേസമയം, നഷ്ടപരിഹാരം നൽകുന്നതിലൂടെ നിയമപരമായ യാതൊരുവിധ ബാധ്യതകളിൽ നിന്നും ഒഴിവാകുകയില്ലെന്നും കോടതി അടിവരയിട്ട് പറഞ്ഞു.

കൃത്യമായ ചട്ടങ്ങൾ പാലിക്കാതെയാണ് തൂക്കുപാലം അറ്റകുറ്റപ്പണി നടത്തിയതെന്നും പ്രവർത്തന പരിചയമില്ലാത്ത കമ്പനിക്കാണ് കരാർ നൽകിയതെന്നും ആരോപണമുയർന്നിരുന്നു. 15 വർഷത്തെ കരാറാണ് കമ്പനിക്ക് നൽകിയത്. തകർന്നുവീഴുമ്പോൾ അഞ്ഞൂറോളം ആളുകൾ പാലത്തിന് മുകളിലുണ്ടായിരുന്നതായാണ് അധികൃതർ പറയുന്നത്.