ഭോപ്പാൽ: ഭോപ്പാലിൽ ലഹരിമരുന്ന് നൽകി മയക്കി 13കാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഭോപ്പാലിലെ കംല നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രദേശത്തു നടന്ന പാർട്ടിക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മദ്യം നൽകി ബലാത്സംഗം ചെയ്തത്. 'ബുധനാഴ്ച രാത്രിയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ഇതേ തുടർന്ന് വീട്ടുകാർ കംല നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും തിരോധാന കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു'.

'തുടർന്ന് പിറ്റേദിവസം രാവിലെ തങ്ങൾ പെൺകുട്ടിയെ ബന്ധപ്പെട്ടപ്പോഴാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം പാർട്ടിക്ക് പോയതാണെന്ന് വ്യക്തമായത്- അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർ ശ്രുത്കീർത്തി സോമവൻഷി പറഞ്ഞു'.

'പ്രതികളിലൊരാൾ പെൺകുട്ടിക്ക് ലഹരിമരുന്ന് നൽകുകയും അബോധാവസ്ഥയിലായതിനു പിന്നാലെ അവളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. രണ്ട് പേരിൽ ഒരാളാണ് ബലാത്സംഗം ചെയ്തത്. രണ്ടാമൻ അയാൾക്കു വേണ്ട എല്ലാ സഹായവും പിന്തുണയും നൽകി. പ്രതികളെ പെൺകുട്ടിക്ക് അറിയാമായിരുന്നു. പാർട്ടിയിൽ നിന്ന് എല്ലാവരും പോയ സമയത്താണ് സംഭവം നടന്നത്'- അദ്ദേഹം വ്യക്തമാക്കി.

രണ്ട് പ്രതികളെയും വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും അഡീഷണൽ ഡി.സി.പി സോമവൻഷി കൂട്ടിച്ചേർത്തു.