കൊൽക്കത്ത: ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയുടെ ജീവിതം ഇനി വെള്ളിത്തിരയിലും. ഗാംഗുലിയും ലവ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഗാംഗുലി തന്നെയാണ്. അതേസമയം താരങ്ങളെ കുറിച്ചോ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

സൗരവ് ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് നടൻ രൺബീർ കപൂറാണെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ നടന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഗാംഗുലി തന്നെ വെളിപ്പെടുത്തുകയാണ്. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

നടന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും നിർമ്മാണ കമ്പനിയുമായുള്ള ചർച്ചകൾക്ക് ശേഷം കൂടുതൽ വിവരം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തിരക്കഥ പൂർത്തിയായിട്ടേയുള്ളു. ബാക്കി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.

അതേസമയം സൗരവിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത് രൺബീർ കപൂർ തന്നെയായിരിക്കുമെന്ന് സിനിമയോട് ചേർന്നുള്ള അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാംഗുലി തന്നെയാണ് രൺബീറിനെയാണ് തിരഞ്ഞെടുത്തതെന്നും പറയപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. നടൻ ഹൃത്വിക് റോഷന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.