ഭോപ്പാൽ: മധ്യപ്രദേശിൽ മാധ്യമ പ്രവർത്തകനെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. നർമദപുരത്തിൽ ബുധനാഴ്ചയാണ് സംഭവം. മാധ്യമപ്രവർത്തകനായ പ്രകാശ് യാദവിനാണ് മർദനമേറ്റത്.

ആഴ്ചകൾക്കുമുമ്പ് മാധ്യമ പ്രവർത്തകനും അക്രമികളും തമ്മിൽ വാക് തർക്കത്തിലേർപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. പ്രകാശ് യാദവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

പ്രാദേശിക ടെലിവിഷൻ ചാനലിലെ റിപ്പോർട്ടറാണ് പ്രകാശ് യാദവ്. ജനുവരി 25ന് ജോലിയാവശ്യത്തിനായി അയൽഗ്രാമത്തിൽ പോയ പ്രകാശിനെ ഗ്രാമത്തിലേക്ക് തിരിച്ചു മടങ്ങവെയാണ് ആറംഗ സംഘം മർദിച്ചത്. മാധ്യമപ്രവർത്തകനെ മരത്തിൽ കെട്ടിയിട്ട് തൊപ്പി ധരിച്ച ഒരാൾ ക്രൂരമായി മർദിക്കുന്നത് വിഡിയോയിൽ കാണാം.