പാറ്റ്‌ന: ജീവിച്ചിരിക്കുന്നിടത്തോളം കാലം ബിജെപിയുമായി കൂട്ടുകൂടില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മരിക്കേണ്ടി വന്നാലും ബിജെപിക്കൊപ്പം പോകില്ലെന്നും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു. അടൽ ബിഹാരി വാജ്പേയിയുടെയും ലാൽ കൃഷ്ണ അദ്വാനിയുടെയും കാലഘട്ടത്തെക്കുറിച്ച് ഓർമിച്ച ബിഹാർ മുഖ്യമന്ത്രി നിലവിലെ ബിജെപി നേതൃത്വത്തിന് അഹങ്കാരമാണെന്ന് ആരോപിച്ചു.വാജ്‌പേയിയോടും അദ്വാനിയോടും തങ്ങൾക്ക് ബഹുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

''മരണം വരെ ബിജെപിക്കൊപ്പം പോകില്ല. ബിജെപിയുമായി വീണ്ടും കൈകോർക്കുന്നതിനെക്കാൾ മരിക്കുന്നതാണ് നല്ലത്.'' നിതീഷ് പറഞ്ഞു. തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും എന്നാൽ ബിജെപി തന്നെ ബലമായി മുഖ്യമന്ത്രിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് നടക്കട്ടെ, ആർക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് എല്ലാവർക്കും അറിയാമെന്നും നിതീഷ് വ്യക്തമാക്കി.

ജനപ്രീതിയില്ലാത്ത മുഖ്യമന്ത്രി നിതീഷ് കുമാറുമായി വീണ്ടും ഒരുമിക്കില്ലെന്ന് ബിഹാർ ഘടകം ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ നേരത്തെ പറഞ്ഞിരുന്നു. നിതീഷിന്റെ ജനപ്രീതിയില്ലായ്മയാണ് 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയുവിന് നിരവധി സീറ്റുകൾ നഷ്ടപ്പെടാൻ കാരണമായത്.സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചതായും ജയ്സ്വാൾ പറഞ്ഞു.

എന്നാൽ ഇതാദ്യമായല്ല ബിഹാർ മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.കഴിഞ്ഞ വർഷം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മഹാഗത്ബന്ധനുമായി കൈകോർത്തതിനു ശേഷം ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരുന്നു. 'എന്റെ ജീവിതത്തിലുടനീളം ഞാൻ ഈ ആളുകളുമായി ഒരു തരത്തിലും ഒത്തുചേരില്ല. ഞങ്ങൾ എല്ലാവരും സോഷ്യലിസ്റ്റുകളാണ്, അവർ ഒരുമിച്ച് നിൽക്കും, ഞങ്ങൾ ബിഹാറിൽ പുരോഗമിക്കും, രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കും.' എന്നായിരുന്നു നിതീഷ് പറഞ്ഞത്.