ഡെറാഡൂൺ: കനത്ത മഞ്ഞുവീഴ്ചയിൽ കേദാർനാഥ് ക്ഷേത്രം മഞ്ഞുമൂടിയതായി അധികൃതർ അറിയിച്ചു. ക്ഷേത്രപരിസരത്ത് നാലടിയോളം ഉയരത്തിൽ മഞ്ഞ് വീണിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശൈത്യകാലത്തെ തുർർന്ന് അടച്ചിട്ട കേദാർനാഥ് ക്ഷേത്രം ഏപ്രിൽ 26നും ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഏപ്രിൽ 22നുമായിരിക്കും തുറക്കുക.

ഞായറാഴ്ച രാത്രി മുതൽ കേദാർനാഥ് മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. അതിതീവ്ര മഞ്ഞുവീഴ്ച കണക്കിലെടുത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്നവർക്ക് ഉത്തരകാശി പൊലീസ് ജാഗ്രത നിർദ്ദേശം നൽകി. ഗംഗോത്രിയുടെയും യമുനോത്രിയുടെയും പരിസരത്തെ ദേശീയപാതകളിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.