ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. യുഎസിന്റെ ക്ഷണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.

മോദിയുടെ സന്ദർശനത്തെ കുറിച്ച് ഇപ്പോൾ സംസാരിക്കാനാകില്ല. ഏറ്റവും ഉചിതമായ സമയത്ത് യു എസ് സന്ദർശനം നടക്കും. നിലവിൽ അമേരിക്കൻ സന്ദർശനത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.

എന്നാൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ആഴ്ചയിൽ യുഎസ് സന്ദർശിച്ചതിനെ കുറിച്ച് ബാഗ്ചി വാർത്താ സമ്മേളനത്തിൽ പ്രതിപാദിച്ചു. അമേരിക്കയിലെ ഇന്ത്യൻ എംബസി ജനുവരി 30-ന് അജിത് ഡോവലിനും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും പ്രത്യേക വിരുന്നൊരുക്കിയിരുന്നു.

യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമണ്ടോ, ഇന്ത്യയിലെയും അമേരിക്കയിലേയും പ്രമുഖ സ്ഥാപനങ്ങളിലെ സിഇഒമാർ, പ്രമുഖ സർവകാലാശാലകളുടെ മേധാവികൾ തുടങ്ങിയവരും അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരൺജിത്ത് എന്നിവരും എംബസിയുടെ വിരുന്നിൽ പങ്കെടുത്തു.