ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം ചീഫ് അസദുദ്ദീൻ ഒവൈസി. യുപി മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമാണ്. ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കാൻ യോഗിക്ക് എങ്ങനെ കഴിയും? ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് അധികാരത്തിൽ എത്തിയതെന്ന കാര്യം യോഗി മറക്കരുതെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒവൈസി പറഞ്ഞു.

ഭരണഘടന നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്ത് ഒരു മതം മാത്രമായി നിലകൊള്ളില്ലെന്ന് പിന്നെ എങ്ങനെയാണ് പറഞ്ഞു. ദേശീയ മതം സനാതന ധർമ്മമാണെന്ന യോഗിയുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായാംഗങ്ങൾ ആക്രമിക്കപ്പെടുമ്പോൾ സമാജ്വാദി പാർട്ടിയുടെ അഖിലേഷ് യാദവിനെ കാണാനില്ലെന്നും ഹൈദരാബാദ് എംപി ആരോപിച്ചു.

സനാതന ധർമ്മം ഇന്ത്യയുടെ ദേശീയ മതമാണെന്നും ഓരോ പൗരനും ബഹുമാനിക്കണമെന്നും യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. മുൻകാലങ്ങളിൽ ആരാധനാലയങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃകയിൽ അവ പുനഃസ്ഥാപിക്കാനുള്ള പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.