പട്‌ന: ജനതാദൾ (യു) എംഎൽസി രാധാചരൺ സാഹയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. വരവിൽ കവിഞ്ഞ സ്വത്തു സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

ജെഡിയു ബിഹാർ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് രാധാചരൺ സാഹ. ഇദ്ദേഹത്തിന്റെ സഹായികളുടെ വീടുകളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

പട്‌ന, ആറ എന്നിവിടങ്ങളിലെ വസതികൾ, ഹോട്ടൽ, റിസോർട്ട് തുടങ്ങിയ ഇടങ്ങളിലായിരുന്നു റെയ്ഡ്. രാഷ്ട്രീയത്തിലിറങ്ങിയശേഷം രാധാചരൺ സാഹ വൻതോതിൽ സ്വത്തു സമ്പാദനം നടത്തിയെന്നാണു കേസ്. ആർജെഡിയിൽനിന്നാണ് സാഹ ജെഡിയുവിലെത്തിയത്.

എൺപതുകളിൽ ആറ റെയിൽവേ സ്റ്റേഷനു സമീപം ചെറിയൊരു മിഠായിക്കട നടത്തിയിരുന്ന രാധാചരൺ സാഹ ഇന്നു ഹോട്ടലുകളും റിസോട്ടുകളുമായി ആറ ജില്ലയിലെ പ്രമുഖ ബിസിനസുകാരനായി വളർന്നിട്ടുണ്ട്.