ജയ്പുർ: ബോളിവുഡ് താരങ്ങളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരായി. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗഡ് ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ. പരമ്പരാഗത ചടങ്ങുകളോടെ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

ജയ്‌സാൽമീറിൽ ഫെബ്രുവരി നാല് മുതൽ ആരംഭിച്ച ചടങ്ങുകളുടെ തുടർച്ചയായാണ് ഇന്ന് വിവാഹം നടന്നത്. ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകൾക്ക് പിന്നാലെയാണ് വിവാഹ ചടങ്ങുകൾ നടന്നത്.

ഷാഹിദ് കപൂർ, ഭാര്യ മിര രജ്പുത്, കരൺ ജോഹർ, അർമാൻ ജെയിൻ, ഭാര്യ അനിസ മൽഹോത്ര, ജൂഹ് ചൗള, ഭർത്താവ് ജയ് മെഹ്ത, ഇഷ അംബാനി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ലസ്റ്റ് സ്റ്റോറീസ് എന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയിൽ വച്ച് ആരംഭിച്ച പരിചയമാണ് ഇരുവർക്കുമിടയിലെ പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമൊക്കെ നീണ്ടത്. ഷെർഷ എന്ന സിനിമയിലും പിന്നീട് ഇരുവരും ഒരുമിച്ച് അഭിനയിച്ചു. മാസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ താരങ്ങൾ ഔദ്യോ?ഗികമായി പ്രതികരിച്ചിരുന്നില്ല.

രശ്മിക മന്ദാനയ്ക്കൊപ്പമുള്ള മിഷൻ മജ്നു സിനിമയുടെ പ്രൊമോഷനിടെ താൻ ഈ വർഷം വിവാഹിതനാകും എന്ന് സിദ്ധാർത്ഥ് അറിയിച്ചിരുന്നു. പിന്നാലെയാണ് കിയാര ആയിരിക്കും വധുവെന്ന പ്രചാരണങ്ങൾ വീണ്ടും ബിടൗണിൽ പ്രത്യക്ഷപ്പെട്ടത്. ഒടുവിൽ ഇക്കാര്യം താരങ്ങൾ ഔദ്യോ?ഗികമായി സ്ഥിരീകരിക്കുകയായിരുന്നു. വിവാഹത്തിലേക്ക് ഏകദേശം 100 അതിഥികൾക്ക് 80 മുറികളും മെഴ്സിഡസ് ബെൻസ്, ജാഗ്വാർ, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെ 70 ആഡംബര കാറുകളും ബുക്ക് ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

വരുൺ ധവാൻ നായകനായി എത്തിയ ജഗ്ജഗ് ജീയോ ആണ് കിയാരയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. അതേസമയം മിഷൻ മജ്‌നുവാണ് സിദ്ധാർത്ഥിന്റേതായി അവസാനമെത്തിയ ചിത്രം. ജനുവരി 20 ന് നെറ്റ്ഫ്‌ളിക്‌സ് റിലീസ് ആയാണ് ഈ ചിത്രം എത്തിയത്.