വിശാഖപട്ടണം: സിനിമ അഭിനയം വിട്ട് സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിട്ടും റോജയെ പിന്തുടർന്ന് വിവാദങ്ങൾ. ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസ് സർക്കാറിൽ ടൂറിസം മന്ത്രിയാണ് ഇപ്പോൾ റോജ. രാഷ്ട്രീയ എതിരാളികൾക്കെതിരായ പ്രസ്താവനകളാൽ എപ്പോഴും വിവാദം സൃഷ്ടിക്കുന്ന റോജ പുതിയ വിവാദത്തിൽ പെട്ടിരിക്കുകയാണ്.

നാഗേരി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ റോജ ബപട്‌ല സൂര്യലങ്ക ബീച്ച് സന്ദർശിച്ചിരുന്നു. ഇവിടെ കടലിൽ ഇറങ്ങിയ മന്ത്രിയായ റോജ തന്റെ ചെരുപ്പ് ഒപ്പം ഉണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥന്റെ കൈയിൽ ഏൽപ്പിക്കുകയായിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ അത് കൈയിൽ പിടിക്കുന്നതും. റോജ വെള്ളത്തിലിറങ്ങുകയും ചെയ്യുന്ന ഫോട്ടോകൾ വൈറലായി. ഇതോടെ കടുത്ത വിമർശനവും ട്രോളുമാണ് റോജയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അതേ സമയം ബീച്ച് സന്ദർശനത്തിന് ശേഷം അവിടുത്തെ അധികൃതരുമായി മന്ത്രി അവലോകന യോഗം നടത്തി. ബപട്‌ല സൂര്യലങ്ക ബീച്ച് മനോഹരമാണെന്നും, മികച്ച ടൂറിസം കേന്ദ്രമാക്കി ഇതിനെ മാറ്റുന്ന തരത്തിലുള്ള അടിസ്ഥാന വികസനം ഇവിടെ നടപ്പിലാക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.

1999 ൽ തെലുങ്ക് ദേശം പാർട്ടിയിലൂടെയാണ് റോജ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എന്നാൽ 2009 ൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ടിഡിപി വിട്ട് വൈഎസ്ആർ കോൺഗ്രസിൽ ചേർന്നു. ജഗൻ മോഹൻ റെഡ്ഡിക്കൊപ്പം ആദ്യകാലത്ത് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് റോജ. പിന്നീട് തുടർച്ചയായ വർഷങ്ങളിൽ നാഗേരി മണ്ഡലത്തിൽ നിന്നും വിജയിച്ച റോജ വൈഎസ്ആർ കോൺഗ്രസ് ഭരണം നേടിയപ്പോൾ മന്ത്രിയുമായി.