ബെംഗളൂരു: കൃഷിയിടത്തിൽ പശുക്കൾ കയറിയെന്ന് ആരോപിച്ച് ദലിത് സ്ത്രീയെ തൂണിൽ കെട്ടിയിട്ട് ചെരിപ്പു കൊണ്ട് മർദ്ദിച്ചു. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം. അംരീഷ് കുമ്പാർ എന്നയാളാണ് സ്ത്രീയെ മർദ്ദിച്ചത്. സ്ത്രീയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

ശോഭമ്മ ഹരിജൻ എന്ന സ്ത്രീക്കാണ് മർദ്ദനമേറ്റത്. തന്നെ അടിക്കരുതെന്ന് ഇവർ അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. എന്നിട്ടും മർദ്ദനം തുടരുകയായിരുന്നു. സംഭവത്തെ തുടർന്ന് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം അംരീഷ് കുമ്പാറിനെതിരെ പൊലീസ് കേസെടുത്തു.

കന്നുകാലികൾ കുമ്പാറിന്റെ പറമ്പിലേക്ക് കയറിയപ്പോൾ തന്നെ ഉടൻ തിരിച്ചുകൊണ്ടുവരാനായി പോയെന്നും എന്നാൽ ഉടമ സ്ത്രീയെ തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.