മുംബൈ: വിവാദങ്ങൾക്കിടെ രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാൻ ദുറാനിയെ പിന്തുണച്ച് നടി ഷെർലിൻ ചോപ്ര രംഗത്ത്. ആദിൽ സഹോദരനെ പോലെയാണ്. എങ്ങനെയാണ് ഈ കുരുക്കിൽപെട്ടെന്ന് അറിയില്ല. ഉടൻ തന്നെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഷെർലിൻ പറയുന്നു. ദിവസങ്ങൾക്ക് മുമ്പാണ് രാഖി സാവന്ത് പരാതിയിൽ ആദിലിനെ മുംബൈ ഒഷിവാര പൊലീസ് അറസ്റ്റ് ചെയ്തത്.

രാഖിയുടേയും ആദിലിന്റേയും വിഷയത്തിൽ അഭിപ്രായം പറയാൻ ഞാൻ ആളല്ല. എന്നാൽ ആദിലിനോടൊപ്പം പൊലീസ് സ്റ്റേഷനിൽ സമയം ചെലവഴിച്ചതിൽ നിന്ന് എനിക്ക് മനസിലായത്, ആദിൽ വളരെ അടുക്കും ചിട്ടയുമുള്ള വ്യക്തിയാണ്. ഇങ്ങനെയുള്ളയാൾ എങ്ങനെ ഈ കുരുക്കിൽപെട്ടെന്ന് അറിയില്ല- ഷെർലിൻ ചോപ്ര പറഞ്ഞു

സഹോദരനെ പോലെ കാണുന്ന ആദിലിനെ കുറിച്ച് എന്തു പറയാൻ. ഇപ്പോഴുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇനി തെറ്റുണ്ടെങ്കിൽ അത് അംഗീകരിക്കണം. ഇനി എന്തെങ്കിലും തെറ്റിദ്ധാരണയാണെങ്കിൽ അത് ഉടൻ പരിഹരിക്കുകയും വേണം -ഷെർലിൻ ചോപ്ര കൂട്ടിച്ചേർത്തു

ആദിൽ നഗ്‌ന വിഡിയോ റെക്കോർഡ് ചെയ്തു വിറ്റുവെന്ന് ആരോപിച്ച് രാഖി സാവന്ത് രംഗത്ത് എത്തിയിട്ടുണ്ട്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നെ വഞ്ചിച്ച് തന്റെ ജീവിതവും പണവും അയാൾ അപഹരിച്ചു, നീതി തേടിയാണ് കോടതിയിൽ എത്തിയതെന്നും അയാൾക്ക് ഒരിക്കലും കോടതി ജാമ്യം നൽകരുതെന്നും രാഖി സാവന്ത് അഭിമുഖത്തിൽ പറഞ്ഞു.