- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹെറിറ്റേജ് ടൂറിന് മുകൾനിലയിൽ 150 രൂപ; താഴത്തെ നിലയിൽ 75; രാജ്യത്തെ ആദ്യ ഇ-ഡബിൾ ഡക്കർ ബസ് മുംബൈയിൽ യാത്രതുടങ്ങി
മുംബൈ: രാജ്യത്തെ ആദ്യത്തെ വൈദ്യുത ഡബിൾ ഡക്കർ ബസ് മുംബൈയിൽ യാത്രതുടങ്ങി. ഛത്രപതി ശിവജി ടെർമിനസിൽനിന്ന് ചർച്ച്ഗേറ്റ് വഴി നരിമാൻ പോയന്റിലെ എൻ.സിപിഎയിലേക്കും തിരിച്ചുമാണ് ഓട്ടം. ഓഫീസ് ജീവനക്കാരെ ലക്ഷ്യംവച്ചാണ് ബെസ്റ്റ് (ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട്) ഇതിന്റെ റൂട്ട് ക്രമീകരിച്ചത്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ഈ റൂട്ടിലുള്ള സർവീസ്.
ശനി, ഞായർ ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്കായി ദക്ഷിണ മുംബൈയിലെ പ്രധാനസ്ഥലങ്ങളിലേക്ക് ഓടും. സി.എസ്.ടി.യിൽനിന്ന് നരിമാൻ പോയന്റിലേക്കുള്ള അഞ്ചു കിലോ മീറ്റർ ദൂരത്തിന് യാത്രക്കാർ നൽകേണ്ടത് ആറു രൂപയാണ്. ഹെറിറ്റേജ് ടൂറിന് മുകൾനിലയിൽ 150 രൂപയും താഴത്തെ നിലയിൽ 75 രൂപയുമാണ് നിരക്ക്.
ഡിജിറ്റൽ ടിക്കറ്റ് മാത്രമാണ് ഇതിൽ ലഭിക്കുക. ചലോ ആപ്പ് വഴിയോ ചലോ സ്മാർട്ട് കാർഡ് വഴിയോ മാത്രമേ ടിക്കറ്റെടുക്കാനാകൂ. യാത്ര ചെയ്യേണ്ടത് എങ്ങോട്ടാണെന്ന് ആപ്പിൽ തിരഞ്ഞെടുത്ത ശേഷം മൊബൈൽഫോൺ ബസിന്റെ മുൻഭാഗത്തുള്ള വാതിലിന് സമീപത്തെ ഉപകരണത്തിൽ കാണിക്കണം.
ബസിൽനിന്ന് ഇറങ്ങുമ്പോൾ പിൻവശത്തെ വാതിലിൽ ഘടിപ്പിച്ച ഉപകരണത്തിൽ മൊബൈൽ കാണിക്കുന്നതോടെ ഇ-വാലറ്റിൽനിന്ന് ടിക്കറ്റ് നിരക്ക് എടുത്തോളും. കാലത്ത് 8.45 മുതൽ 30 മിനിറ്റ് ഇടവേളകളിലാണ് ബസ് ഓടുക. 78 പേർക്ക് യാത്രചെയ്യാൻ സാധിക്കും.
അവസാന ട്രിപ്പ് രാത്രി ഒൻപതു മണിയോടെ എൻ.സിപിഎ.യിൽ നിന്നാണ്. മുകളിലത്തെ നിലയിലേക്ക് കയറാൻ മുൻഭാഗത്തും പിൻഭാഗത്തുമായി രണ്ട് കോണിപ്പടികളുണ്ട്. കൂടുതൽ ബസ് എത്തുന്നതോടെ സി.എസ്.ടി.- ഗേറ്റ് വേ ഓഫ് ഇന്ത്യാ, കുർള-ബി.കെ.സി.-ബാന്ദ്ര ഈസ്റ്റ് റൂട്ടുകളിലും വൈദ്യുത ഡബിൾ ഡക്കർ ഓടിത്തുടങ്ങും.
ന്യൂസ് ഡെസ്ക്