ന്യൂഡൽഹി : കിഴക്കൻ ഡൽഹിയിൽ മോഷണ ശ്രമത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം കിഴക്കൻ ഡൽഹിയിൽ ലക്ഷ്മി നഗറിലെ സി-34 വിജയ് ബ്ലോക്കിൽ രാത്രി എട്ട് മണിയോടെയാണ് സംഭവം. മോഷണശ്രമം തടയുന്നതിനിടെ മോഷ്ടാക്കൾ യുവാവിനെ കുത്തുകയായിരുന്നു.

കിഴക്കൻ ഡൽഹിയിൽ മോഷണശ്രമത്തിനിടെ ഒരാൾ മരിച്ചെന്ന വിവരത്തെ തുടർന്നാണ് ലക്ഷ്മി നഗർ സ്റ്റേഷനിലെ പൊലീസ് സംഘം സ്ഥലത്തെത്തിയത്. സുനിൽ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്വകാര്യവ്യവസായ ഉടമകളായ വിനയ് കുമാറിനെയും അതുലിനെയും കാണാനാണ് സുനിൽ ഫ്ളാറ്റിൽ എത്തിയത്. പിന്നാലെ, ഫ്ളാറ്റിനുള്ളിലേക്ക് നാലംഗ സംഘം അതിക്രമിച്ച് കടക്കുകയും മോഷണം നടത്താൻ ശ്രമിക്കുകയും ചെയ്തു.

അക്രമികളെ എതിർക്കുമ്പോഴായിരുന്നു സുനിലിന് കുത്തേറ്റതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അമൃത ഗുഗുലോത്ത് അറിയിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും നാല് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.