- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മേഘാലയയിൽ തൂക്കുസഭയെന്ന് എക്സിറ്റ് പോൾ; ഹിമന്ത ബിശ്വ ശർമയുമായി കൂടിക്കാഴ്ച നടത്തി കോൺറാഡ് സാങ്മ
ഗുവാഹാട്ടി: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ നാടകീയ നീക്കങ്ങളുമായി മേഘാലയ മുഖ്യമന്ത്രിയും എൻപിപി അധ്യക്ഷനുമായ കോൺറാഡ് സാങ്മ. അസമിലെത്തി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമയുമായി കോൺറാഡ് സാങ്മ കൂടിക്കാഴ്ച നടത്തി.
മേഘാലയ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന എക്സിറ്റ് പോൾ സർവേ ഫലം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ചർച്ച.
തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായുള്ള സഖ്യം പിരിഞ്ഞ് കോൺറാഡ് സാങ്മ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. . ബിജെപി ഉൾപ്പെട്ട മേഘാലയ ഡെമോക്രാറ്റിക് സഖ്യം എന്ന പേരിലായിരുന്നു ഇവർ നേരത്തെ അധികാരത്തിലേറിയത്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പായി എൻപിപി ബിജെപി സഖ്യം ഉപേക്ഷിക്കുകയായിരുന്നു.
തൂക്കു സഭയ്ക്കുള്ള സാധ്യത മുന്നിൽ കണ്ടാണ് തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബിജെപിയുമായി സഖ്യരൂപീകരണത്തിന് എൻപിപി തയ്യാറെടുക്കുന്നത്. അസം തലസ്ഥാനമായ ഗുവാഹാട്ടിയിലുള്ള ഒരു ഹോട്ടലിൽ ചൊവ്വാഴ്ച അർദ്ധരാത്രിയിലായിരുന്നു രണ്ടു മുഖ്യമന്ത്രിമാരും ചർച്ച നടത്തിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ചുക്കാൻ പിടിക്കുന്നത് ഹിമന്ത ബിശ്വ ശർമയാണ്.
കോൺഗ്രസ് നേതാവായിരുന്ന ഹിമന്ത 2015-ലാണ് ബിജെപിയിലെത്തിയത്. പിന്നീട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് നിലംതൊടാനായിട്ടില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി മികച്ച ബന്ധം പുലർത്തുന്നയാളാണ് ഹിമന്ത.
മേഘാലയയ്ക്ക് പുറമെ, നാഗാലാൻഡ്, ത്രിപുര നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും വ്യാഴാഴ്ചയാണ്. ത്രിപുരയിൽ ബിജെപിയും നാഗാലാൻഡിൽ ബിജെപി സഖ്യവും അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ്പോൾ സർവേകൾ പ്രവചിച്ചിട്ടുള്ളത്.
ന്യൂസ് ഡെസ്ക്