ന്യൂഡൽഹി: രാജ്യാന്തര പുസ്തക മേളയിൽ ക്രൈസ്തവ സംഘടനയുടെ പുസ്തക സ്റ്റാളിനെതിരെ ആക്രമണം. പ്രഗതി മൈതാനിൽ നടക്കുന്ന പുസ്തകമേളയിൽ സൗജന്യമായി ബൈബിൾ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. ഗിദിയോൺസ് ഇന്റർനാഷനൽ എന്ന സംഘടനയുടെ സ്റ്റാളിനുള്ളിലാണ് നാൽപതോളം പേരടങ്ങുന്ന സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി സ്റ്റാൾ അധികൃതർ വ്യക്തമാക്കി.

ബൈബിൾ വിതരണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ജയ്ശ്രീ റാം വിളിച്ചു കൊണ്ടണ് ആക്രമികൾ എത്തിയത്. ഗിദിയോൺസ് ഇന്റർനാഷനലിന്റെ പ്രവർത്തകനെ തള്ളിത്താഴെയിട്ടതായും പോസ്റ്റർ കീറിയതായും പരാതിയുണ്ട്. പൊലീസും മേളയിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ഥിതി ശാന്തമാക്കിയത്.

ഡൽഹി രാജ്യാന്തര പുസ്തകോത്സവത്തിൽ 10 വർഷമായി സ്റ്റാൾ സജ്ജമാക്കാറുണ്ടെന്നു ഗിദിയോൺസ് പ്രവർത്തകർ പറയുന്നു. മേളയിൽ മറ്റു മതങ്ങളുടെ പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളുകളുണ്ടെന്നും ഗിദിയോൺസിന്റെ സ്റ്റാൾ മാത്രം ആക്രമിച്ചതിൽ ഗൂഢാലോചനയുണ്ടെന്നും സംഘാടകർ ആരോപിച്ചു.