ഷിംല: ഹിമാചൽപ്രദേശിലെ ഉനയിൽ വനത്തിൽ നിന്നും കിട്ടിയ വിഷക്കായ ഭക്ഷിച്ച് അവശനിലയിലായ പന്ത്രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടിയേറ്റത്തൊഴിലാളികളുടെ കുട്ടികളെയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടികൾ ആശുപത്രിയിലെത്തിയത്.

ലാൽസിംഘി ഗ്രാമത്തിലാണ് സംഭവം. മാതാപിതാക്കൾ വെള്ളിയാഴ്ച ജോലിക്ക് പോയ സമയത്ത് കുട്ടികൾ തൊട്ടടുത്ത വനത്തിൽ നിന്ന് വിഷക്കായകൾ കഴിക്കുകയായിരുന്നു. മൂന്ന് മുതൽ ഒമ്പത് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് വിഷബാധയേറ്റതെന്ന് അധികൃതർ അറിയിച്ചു.

കുട്ടികളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഗുരുതരാവസ്ഥയിലായിരുന്നെന്നും സമയോചിതമായ ചികിത്സയിലൂടെ എല്ലാ കുട്ടികളും അപകടനില തരണംചെയ്‌തെന്നും ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിലെ ഡോക്ടർ വികാസ് ചൗഹാൻ പ്രതികരിച്ചു. സംഭവത്തിൽ ഉന പൊലീസ് അന്വേഷണം ആരംഭിച്ചു.