ന്യൂഡൽഹി: ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് തുടക്കം. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് ആരംഭിച്ചത്. ഗോവ-ദുബായ് റൂട്ടിൽ ആഴ്ചയിൽ നാല് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ദബോലിം വിമാനത്താവളത്തിൽ നിന്ന് 148 യാത്രക്കാരുമായി ആദ്യ വിമാനം ഇന്ന് പുലർച്ചെ 1:00 ന് പുറപ്പെട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഗോവയിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് ബാനറിന് കീഴിൽ ആദ്യ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെയും എയർഏഷ്യ ഇന്ത്യയുടെയും മാനേജിങ് ഡയറക്ടർ അലോക് സിങ് പറഞ്ഞു. എയർ ഏഷ്യ അഞ്ച് ആഭ്യന്തര നഗരങ്ങളെ ബന്ധിപ്പിച്ച് ഗോവയിൽ നിന്ന് ദിവസേന 13 വിമാന സർവീസ് നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.