കൊൽക്കത്ത: രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെ ബംഗാളിലുണ്ടായ അക്രമസംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നു ഗവർണർ സി.വി.ആനന്ദബോസ് വ്യക്തമാക്കി. ഗുണ്ടകളെയും കൊള്ളക്കാരെയും വച്ചുപൊറുപ്പിക്കില്ലെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികൾ ഗവർണറുമായി ചർച്ച ചെയ്തു. തൽസ്ഥിതി റിപ്പോർട്ട് ഗവർണറെ അറിയിക്കുമെന്നും സംഘർഷങ്ങളിൽ സിബിഐ അന്വേഷണം ആവശ്യമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു.

രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെ ബംഗാളിലാണ് ആദ്യം സംഘർഷം ഉണ്ടായത് പിന്നീട് ഞായറാഴ്ചയാണ് ഹൗറയ്ക്ക് പുറമെ ഹൂഗ്ലിയിലേക്കും വ്യാപിച്ചത്. ഹൂഗ്ലിയിൽ ബിജെപിയുടെ ശോഭായാത്രയ്ക്കുനേരെ കല്ലേറുണ്ടായെന്നാണ് ആരോപണം. പിന്നാലെ തെരുവിലേക്ക് വ്യാപിച്ച സംഘർഷത്തിൽ വാഹനങ്ങൾക്കും കടകൾക്കും നേരെ വ്യാപക കല്ലേറുണ്ടായി. കയ്യിൽ കിട്ടിയ അവശിഷ്ടമെല്ലാം എടുത്ത് റോഡിലിട്ട് തീയിട്ടു.

സ്ഥലത്തുണ്ടായിരുന്ന പൊലീസിന് സംഘർഷം നിയന്ത്രിക്കാനായില്ല. ഞായറാഴ്ച ഉച്ചയ്ക്ക് ഹൗറ സന്ദർശിക്കാൻ പോയ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറിനെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. അതേസമയം ബിഹാറിൽ നളന്ദയിലും സസാറാമിലും സ്ഥിതി ശാന്തമാണ്. സസാറാമിൽ മാത്രം നൂറിലേറേപ്പേരെ പൊലീസ് അറസ്റ്റ് ചെയ്തു.