ചെന്നൈ: പീഡനക്കേസിൽ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈൻ ആർട്സിലെ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് അറസ്റ്റ് ചെയ്ത്. കോളേജിലെ മുൻ വിദ്യാർത്ഥിനി നൽകിയ പരാതിയിലാണ് ചെന്നൈ പൊലീസിന്റെ നടപടി. മാർച്ച് 31നാണ് പരാതി കിട്ടിയത്.

അഡയാർ പൊലീസാണ് കേസെടുത്തത്. ലൈംഗിക പീഡനം, ജോലി സ്ഥലത്തെ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഹരിയുടെ ശല്യം കാരണം കലാക്ഷേത്രയിലെ പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് പോകുകയായിരുന്നെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. ക്യാമ്പസിലെ നാല് അദ്ധ്യാപകർക്കെതിരെയാണ് പരാതികൾ ഉയർന്നത്. മറ്റ് മൂന്നു പേർക്കെതിരായ പരാതികളിൽ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് കേരളത്തിലെത്തി വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

90ഓളം വിദ്യാർത്ഥികളാണ് അദ്ധ്യാപകർക്കെതിരെ പരാതിയുമായി വനിതാ കമീഷനെ സമീപിച്ചത്. ലൈംഗിക ദുരുപയോഗം, വർണവിവേചനം, ബോഡി ഷെയ്മിങ് എന്നിവ വർഷങ്ങളായി നേരിടുകയാണെന്ന് പറയുന്നുണ്ട്. കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവർത്തനങ്ങൾക്കിടയിലും ലൈംഗികമായി ഉപദ്രവിച്ചിരുന്നു. എതിർപ്പ് പ്രകടിപ്പിച്ചാൽ ഒറ്റപ്പെടുത്തി മാനസികമായ തളർത്തുന്ന സമീപനമായിരുന്നു അദ്ധ്യാപകർക്കെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.

കുറ്റരോപിതരായ ഹരിപത്മൻ, ശ്രീനാഥ്, സായി കൃഷ്ണൻ, സഞ്ജിത് ലാൽ എന്നിവരെ പുറത്താക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. പ്രതിഷേധം ശക്തമായതോടെ ക്യാമ്പസ് ആറാം തീയതി വരെ അടച്ചിട്ടിരിക്കുയാണ്.