ന്യൂഡൽഹി: സിബിഐ. എന്നത് നീതിയുടെ ബ്രാൻഡ് ആയി ഉയർന്നെന്നും പൊതുജനങ്ങളുടെ ശക്തമായ പ്രതീക്ഷയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ സർക്കാരുകൾ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയത്. എന്നാൽ 2014-നുശേഷം അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ ദൗത്യം ആരംഭിച്ചു.

ഇപ്പോൾ ജനങ്ങൾ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണെന്നും മോദി പറഞ്ഞു. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സിബിഐ. വജ്രജൂബിലി ആഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി.

പത്തുവർഷം മുൻപ്, കൂടുതൽക്കൂടുതൽ അഴിമതി നടത്താനുള്ള മത്സരമായിരുന്നു ഇവിടെ. അക്കാലത്ത് വൻ അഴിമതികൾ നടന്നു. പക്ഷേ, സംവിധാനങ്ങൾ അവർക്കൊപ്പം നിന്നതിനാൽ പ്രതികൾക്ക് ഒരു ഭയവുമുണ്ടായിരുന്നില്ല. 2014-നുശേഷം അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി തങ്ങൾ ഒരു ദൗത്യം ആരംഭിച്ചെന്നും മോദി പറഞ്ഞു.

സിബിഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന വിധത്തിൽ നീതിയുടെ ബ്രാൻഡ് ആയി സിബിഐ. മാറിയെന്നും മോദി പറഞ്ഞു. സിബിഐ. പോലെയുള്ള കഴിവുറ്റതും പ്രൊഫഷണലുമായ സ്ഥാപനങ്ങളില്ലാതെ ഇന്ത്യക്ക് മുന്നോട്ടുപോകാനാവില്ല. ബാങ്ക് തട്ടിപ്പുമുതൽ വന്യജീവികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വരെയായി വലിയ തോതിൽ സിബിഐ.യുടെ പ്രവർത്തനം വ്യാപിച്ചു. എന്നാൽ അഴിമതി മുക്ത രാജ്യം സൃഷ്ടിക്കുക എന്നതാണ് സിബിഐ.യുടെ മുഖ്യ ഉത്തരവാദിത്വമെന്നും മോദി കൂട്ടിച്ചേർത്തു.