കൊൽക്കത്ത: സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ജനങ്ങളോട് അഭ്യർത്ഥിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ ന്യൂനപക്ഷം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഹിന്ദു സഹോദരങ്ങളോട് ആവശ്യപ്പെടുന്നതായും അവർ വ്യക്തമാക്കി.

ഞായറാഴ്ച ഹൂഗ്ലി ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേ സമയം ഹൂഗ്ലിയിലെ അക്രമ ബാധിത പ്രദേശങ്ങളിൽ നിലവിൽ സ്ഥിതിഗതികൾ സമാധാനപരമാണെന്ന് പൊലീസ് അറിയിച്ചു.

രാമനവമി കഴിഞ്ഞ് ദിവസങ്ങളായിട്ടും ഘോഷയാത്രകൾ തുടരുന്നത് എന്തുകൊണ്ടാണെന്ന് മമത ചോദിച്ചു. അക്രമം പ്രോത്സാഹിപ്പിക്കാനും സംഘർഷം സൃഷ്ടിക്കാനും ബോധപൂർവമായി ശ്രമം നടക്കുന്നു. പൊലീസിൽ നിന്നും അനുമതിയില്ലാതെ തോക്കുകളും ബോംബുകളും ഉപയോഗിച്ച് റാലികൾ നടത്താൻ കഴിയില്ലെന്നും അവർ വ്യക്തമാക്കി.

''സംഘർഷം സൃഷ്ടിക്കാനായി അവർ മനഃപൂർവം ന്യൂനപക്ഷ മേഖലകളിൽ പ്രവേശിക്കുകയാണ്. ഏപ്രിൽ ആറിന് ഹനുമാൻ ജയന്തി ദിനത്തിൽ അവർ വീണ്ടും അക്രമം നടത്താൻ പദ്ധതിയിടുന്നു'', പ്രത്യേകമായി പേരെടുത്ത് പരാമർശിക്കാതെയായിരുന്നു മമതയുടെ പരാമർശം. വിഷയവുമായി ബന്ധപ്പെട്ട് പൊലീസിനോട് ജാഗ്രത പാലിക്കാൻ അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.