- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'സത്യം മറച്ചുവയ്ക്കാൻ ബിജെപി ശ്രമിക്കുന്നു'; അദാനിയുടെ പേരിനൊപ്പം കോൺഗ്രസ് വിട്ടവരുടെ പേരുമെഴുതി രാഹുൽ ഗാന്ധി; രാഹുൽ സംസാരിക്കുന്നത് ട്രോളന്മാരെ പോലെയെന്ന് അനിൽ ആന്റണി
ന്യൂഡൽഹി: അദാനി വിഷയത്തിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്ത്. അദാനി വിഷയത്തിലെ സത്യം മറച്ചുവെക്കാനാണ് ബിജെപി ദിവസവും വിഷയം മാറ്റുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
അദാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടി ബിനാമി പണം ഉള്ളതെന്ന ചോദ്യമാണ് ട്വീറ്റിലൂടെ രാഹുൽ ഗാന്ധി ഇന്നും ഉയർത്തിത്. 'അവർ സത്യം മറച്ചുവെക്കുന്നു, അതുകൊണ്ടാണ് അവർ ദിവസവും തെറ്റിദ്ധരിപ്പിക്കുന്നത്! ചോദ്യം അതേപടി തുടരുന്നു - അദാനിയുടെ കമ്പനികളിൽ ആർക്കാണ് 20,000 കോടി ബിനാമി പണം ഉള്ളത്?'
കോൺഗ്രസ് വിട്ട നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും എഴുതിയാണ് വിമർശനം. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ കുമാർ റെഡ്ഡി, ഹിമന്ത ബിശ്വാസ് ശർമ എന്നിവരുടെ പേരിനൊപ്പം എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ കൂടെ പേരെഴുതിയാണ് രാഹുൽ ഗാന്ധി വിമർശനം ഉന്നയിക്കുന്നത്.
രാഹുൽഗാന്ധിയുടെ വിമർശനം കണ്ടപ്പോൾ ഒരേ സമയം സന്തോഷവും നിരാശയും തോന്നിയെന്ന് അനിൽ ആന്റണി പ്രതികരിച്ചു. ഗുലാം നബിയെ പോലെയും സിന്ധ്യയെ പോലെയുമുള്ള വലിയ നേതാക്കൾക്കൊപ്പം തന്റെ പേര് പറഞ്ഞതിൽ സന്തോഷമുണ്ട്. തന്നെ കുഴിയാന എന്നൊക്കെ വിശേഷിപ്പിക്കുന്ന കേരളത്തിലെ നേതാക്കൾ ഇത് കാണുമെന്ന് കരുതുന്നു.
ഒരു സോഷ്യൽ മീഡിയ ട്രോളറിന്റെ നിലവാരത്തിലേക്ക് രാഹുൽ ഗാന്ധി താഴുന്നതിൽ നിരാശയും തോന്നുന്നുവെന്ന് അനിൽ ആന്റണി പ്രതികരിച്ചു. അദാനി വിഷയത്തിലെ ആരോപണം റാഫേൽ പോലെ പൊള്ളയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ സംസാരിക്കുന്നത് ട്രോളന്മാരെ പോലെയാണെന്നും ദേശീയ നേതാവിനെ പോലെയല്ലെന്നും അനിൽ ട്വീറ്റ് ചെയ്തു. ഗൗതം അദാനിക്കെതിരായ രാഹുലിന്റെ ട്വീറ്റ് പങ്കുവച്ചാണ് അനിലിന്റെ വിമർശനം.
'ദേശീയ പാർട്ടിയുടെ മുൻ അധ്യക്ഷനെ കാണുമ്പോൾ ദുഃഖം തോന്നുന്നു. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ സംസാരം ട്രോളന്മാരുടേത് പോലെയാണ്. രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളായി സംഭാവനകൾ നൽകിയ ഉയർന്ന പ്രതിഭകൾക്കൊപ്പം വളർന്നു വരുന്ന എന്റെ പേര് കാണുമ്പോൾ ഞാൻ വളരെ വിനയാന്വിതനാണ്. ഒരു കുടുംബത്തിന് വേണ്ടിയല്ല, ഇന്ത്യക്കും നമ്മുടെ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതിനാൽ അവർക്ക് പാർട്ടി വിടേണ്ടിവന്നു' -അനിൽ ആന്റണി ട്വീറ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ