ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മുൻ പൊലീസ് കമ്മീഷണറും. ബെംഗളൂരു മുൻ പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു ആണ് ഇത്തവണ താമര ചിഹ്നത്തിൽ മത്സരിക്കുക. ചാംരാജ്‌പേട്ടിൽ നിന്നാൽ റാവു ജനവിധി തേടുന്നത്. സർവീസിൽ നിന്ന് വിരമിച്ച ശേഷം ആം ആദ്മി പാർട്ടിയിൽ ചേർന്ന റാവു, തെരഞ്ഞെടുപ്പ് അടുത്തതോടെ പാർട്ടിയിൽ നിന്നും രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു.

പാർട്ടി അംഗത്വം എടുത്തതിന് പിന്നാലെ പുതുമുഖ സ്ഥാനാർത്ഥിയായി ഇടംപിടിക്കാനും മുൻ പൊലീസ് കമ്മീഷണർക്ക് അവസരം ലഭിച്ചു. നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കാൻ ഒരു ദിവസം കൂടി അവശേഷിക്കെ നഗരത്തിലെ ശ്രി ദോഡ്ഡ ഗണപതി ക്ഷേത്രത്തിലെത്തി ഭാസ്‌കർ റാവു ദർശനം നടത്തി.

'ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. നഗര കേന്ദ്രങ്ങളിൽ വോട്ടിങ് ശതമാനം കുറവായതിനാൽ ഞാൻ വീടുവീടാന്തരം ജനങ്ങളെ സമീപിച്ച് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കും. പൊലീസ് കമ്മീഷണറായിരുന്ന കാലത്ത് ഭരണഘടനയനുസരിച്ച് ഞാനും എന്റെ സേനയും ജനങ്ങളെ സംരക്ഷിച്ചു'- ക്ഷേത്രം സന്ദർശിച്ച ശേഷം റാവു പ്രതികരിച്ചു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കർണാടകയിൽ ബിജെപിക്ക് തിരിച്ചടിയായി മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി പാർട്ടി വിട്ടിരുന്നു. തന്റെ മണ്ഡലമായ അത്താണിയിൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു രാജി.

മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ വിശ്വസ്തനും ശക്തനായ ലിംഗായത്ത് നേതാവുമായ ലക്ഷ്മൺ സവാദി കോൺഗ്രസിൽ ചേരും. നിയമസഭാ കൗൺസിൽ അംഗത്വവും ലക്ഷ്മൺ സവാദി രാജിവച്ചു.