ഗുവാഹട്ടി: അസമിലെ ആദ്യ എയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കഴിഞ്ഞ ഏപ്രിൽ 14-നാണ് എയിംസ് പ്രധാനമന്ത്രി സംസ്ഥാനത്തിന് സമർപ്പിച്ചത്. ആദ്യത്തെ എയിംസ് കൂടാതെ അസമിന് മൂന്ന് പുതിയ മെഡിക്കൽ കോളേജുകൾ കൂടി ലഭിച്ചുവെന്നും കഴിഞ്ഞ ഒമ്പത് വർഷമായി കേന്ദ്രസർക്കാർ അടിസ്ഥാന സൗകര്യ പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 1123 കോടി രൂപ ചെലവിലാണ് എയിംസ് നിർമ്മിച്ചിരിക്കുന്നത്.

'2014-ന് മുമ്പുള്ള 10 വർഷങ്ങളിൽ 150-ഓളം മെഡിക്കൽ കോളേജുകൾ മാത്രമാണ് രാജ്യത്ത് നിർമ്മിക്കപ്പെട്ടത്. എന്നാൽ കഴിഞ്ഞ 9 വർഷത്തിനുള്ളിൽ 300-ഓളം പുതിയ മെഡിക്കൽ കോളേജുകളാണ് രാജ്യത്ത് നിർമ്മിച്ചത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ രാജ്യത്തെ എംബിബിഎസ് സീറ്റുകൾ ഇരട്ടിയായി മാറി.

ചികിത്സയ്ക്ക് പണമില്ലാത്ത അവസ്ഥ പാവപ്പെട്ടവർക്ക് വലിയ ബുദ്ധിമുട്ടാണ് അതിനാൽ കേന്ദ്രസർക്കാർ ആയുഷ്മാൻ ഭാരത് യോജന ആരംഭിച്ചു. വിലകൂടിയ മരുന്നുകൾ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും വലിയ ആശങ്കയുണ്ടാക്കുന്നതിനാൽ താങ്ങാനാവുന്ന മരുന്നുകൾ ലഭ്യമാക്കുന്നതിനായി സർക്കാർ 9,000-ലധികം ജൻ ഔഷധി കേന്ദ്രങ്ങളും രാജ്യത്ത് തുറന്നു' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.