ബെംഗളൂരു: തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സൗജന്യങ്ങൾ വിതരണം ചെയ്യുന്നതും വാഗ്ദാനങ്ങൾ നൽകുന്നതുമായ സംസ്‌കാരം രാഷ്ട്രീയപാർട്ടികൾ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സൗജന്യങ്ങൾ നൽകി സംസ്ഥാനങ്ങൾ കടം കയറി മുടിയുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിലെ ബിജെപി പ്രവർത്തകരെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിനും സർക്കാരുകൾക്കും ഇത്തരത്തിൽ മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ രാജ്യത്ത് ചില പാർട്ടികൾ രാഷ്ട്രീയം അധികാരത്തിനും അഴിമതിക്കുമുള്ള ഉപാധിയാക്കി മാറ്റിക്കഴിഞ്ഞു.

പ്രചാരണവേളയിൽ കോൺഗ്രസ് നടത്തുന്ന സൗജന്യ വാഗ്ദാനങ്ങൾ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.. പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന്റെ നിലനിൽപ് തന്നെ ഇല്ലാതാകുമ്പോൾ അവർ നൽകുന്ന ഉറപ്പുകൾക്ക് യാതൊരു അർഥവുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കർണാടകയിലെ പ്രചാരണവേളയിൽ കോൺഗ്രസ് വൻസൗജന്യ വാഗ്ദാനങ്ങളാണ് നൽകിയിരിക്കുന്നത്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി. ബിപിഎൽ കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും 10 കിലോ അരി സൗജന്യം, കുടുംബനാഥയ്ക്ക് പ്രതിമാസം 2000 സഹായം. ബിരുദധാരിയായ യുവാവിന് മാസം 3,000 രൂപ, ഡിപ്ലോമ ഉള്ള 18-25 വയസുകാർക്ക് പ്രതിമാസം 1,500 രൂപ എന്നിങ്ങനെയാണ് കോൺഗ്രസിന്റെ വാഗ്ദാനം.

ഇതു നേടാനായി അവർ വിവിധ മാർഗങ്ങൾ ഉപയോഗിക്കുകയാണ്. അത്തരം പാർട്ടികൾ രാജ്യത്തിന്റെയോ കർണാടകയിലെ യുവാക്കളുടെയോ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. ബിജെപി കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചല്ല മറിച്ച് അടുത്ത 25 വർഷത്തെ ഇന്ത്യയുടെ ഭാവിയെക്കുറിച്ചാണ് ചിന്തിക്കുന്നത്. സൗജന്യങ്ങൾ നൽകി നിങ്ങളെ വിഡ്ഢികളാക്കാനാണ് ചിലർ ശ്രമിക്കുന്നത്. എന്നാൽ വരും തലമുറയെക്കുറിച്ച് ചിന്തിക്കേണ്ടത് നിങ്ങൾ തന്നെയാണ്- മോദി പറഞ്ഞു.