മുംബൈ: ആനക്കൊമ്പ് കടത്താൻ ശ്രമിച്ച അന്തർസംസ്ഥാന സംഘത്തെ മഹാരാഷ്ട്ര പൊലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി മുഹമ്മദ് റാഫി ഇബ്രാഹിം സെയ്ദ് ( 41) മുംബൈ അന്ധേരി സ്വദേശി റഹീം ബദ്ഷാ ഖാൻ( 35) എന്നിവരെയാണ് പിടികൂടിയത്. 1.5കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പ് കടത്താൻ ശ്രമിച്ച ഇവരെ മഹാരാഷ്ട്രയിലെ താനെയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സംഘം പിടിയിലായത്. ഇവരിൽ നിന്ന് രണ്ട് കിലോഗ്രം വരുന്ന രണ്ട് ആനക്കൊമ്പുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. കരിഞ്ചന്തയിൽ 1.5 കോടിരൂപയാണ് ആനക്കൊമ്പുകളുടെ മതിപ്പ് വിലയെന്നും പൊലീസ് വ്യക്തമാക്കി.

പ്രതികൾക്കെതിരെ വന്യജിവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. പ്രതികൾക്ക് ആനക്കൊമ്പ് ലഭിച്ചതിനെകുറിച്ചും ആർക്ക് വിൽക്കാനാണ് കടത്തിയതെന്ന് എന്നതിനെ സംബന്ധിച്ചും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.